Wednesday, 4 January 2012

മണല്‍

രണ്ടോ നാലോ വര്‍ഷംമുമ്പ്‌ നിങ്ങള്‍വന്ന്‌ എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്‌ അതിലുണ്ടായൊരു കുഞ്ഞിന്‌ മൂന്നുവയസ്സായെന്ന്‌ അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്‌ ഓടിച്ചാടി കളിക്കും, മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും അതുകാണുമ്പോള്‍ ഉടഞ്ഞിടും ഇടനെഞ്ച്‌ പിടഞ്ഞിടും പൂക്കുഞ്ഞിപ്പൈതലല്ലേ... ആമുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ.....

എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്‌നാടുകളിലും എസ്‌ എ ജമീല്‍ എന്ന ഗായകന്‍ രചനയും സംഗീതവും നല്‍കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്‌കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്‌നഭൂമിയായ മണല്‍കാടിന്റെ മനസും ശരീരവും ഏറെ മാറി.



പക്ഷേ എന്നിട്ടും പ്രവാസിയുടെ പ്രിയതമയുടെ പ്രശ്‌നങ്ങളുടെ മുഖങ്ങള്‍ ഇന്നും പഴയതു തന്നെയാണ്‌. അവളുടെ കാത്തിരിപ്പിനും വിരഹത്തിന്റെ വേദനക്കും അതേ ചൂട്‌ തന്നെയാണ്‌. ഗള്‍ഫു നാടുകളില്‍ അന്നംതിരഞ്ഞെത്തിയ മുപ്പതു ലക്ഷത്തോളം മലയാളികളില്‍ അഞ്ചു ശതമാനത്തിനുമാത്രമെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാന്‍ ഇന്നും ഭാഗ്യം തുണയായിട്ടൊള്ളൂ.കാരണങ്ങള്‍ പലതാണെങ്കിലും ശേഷിക്കുന്നവന്റെ ഇണകളെല്ലാം വേര്‍പ്പാടിന്റെ വേദനയില്‍ അസഹ്യമായ കാത്തിരിപ്പിന്റെ മരുപ്പറമ്പില്‍ കിടന്ന്‌ വാടുകതന്നെയാണ്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അതില്‍നിന്ന്‌ 25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു.

ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെ തോത്‌ കൂടിക്കൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ തന്നെയാണതിന്റയും വരവ്‌.

കുടുംബമെന്ന മഹത്തായ സ്ഥാപനത്തിന്റെ സുരക്ഷിതമായ തറവാടാണ്‌ വീട്‌. സ്‌നേഹത്തിന്റേയും സംസ്‌ക്കാരത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും ബാല പാഠങ്ങള്‍ നമുക്ക്‌ പഠിപ്പിച്ചു തന്ന ആദ്യവിദ്യാലയമാണത്‌.അവിടുത്തെ ഓരോ അംഗവും നമുക്ക്‌ പ്രിയപ്പെട്ടവരാണ്‌. അവരുടെ ഭാവിയും വളര്‍ച്ചയും സുരക്ഷിതമാക്കാന്‍ പല ജീവിതോപാതികള്‍ തേടിപോയി പൂര്‍വീകര്‍.അടുത്ത നഗരത്തിലേക്ക്‌, അയല്‍ സംസ്ഥാനത്തേക്ക്‌.വേറെചിലര്‍ നല്ലജോലിയും കൂടുതല്‍ കൂലിയും ലഭിക്കുന്നതിനായി ഏഴുകടലും കടന്നു.

എഴുപതുകളോടുകൂടിയാണ്‌ ആ കുടിയേറ്റത്തിന്റെ ബാഹുല്യം കൂടിയത്‌. പിന്നീടതൊരു ഒഴുക്കായി. ആദ്യമായി കടല്‍ കടന്നവരില്‍ ഏറെയും വിവാഹിതരും നാല്‍പതിനടുത്ത്‌ പ്രായമുള്ളവരുമായിരുന്നു. പിന്നീട്‌ യുവാക്കളുടെ ഊഴമായി. അവര്‍ രണ്ടോ മൂന്നോ വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ്‌ തിരിച്ചെത്തി. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരുവിവാഹം കഴിക്കുന്നു. രണ്ടോ മൂന്നോ മാസംമാത്രം ഭാര്യയോടൊപ്പം കഴിഞ്ഞ്‌ പിന്നെ അനിവാര്യമായൊരു മടക്കയാത്രക്ക്‌ മനസ്സൊരുക്കി വിമാനം കയറുന്നത്‌ തകര്‍ന്ന ഹൃദയവുമായിട്ടാണ്‌.
ഇത്തരക്കാരുടെ എണ്ണം പെരുകിയതോടെയാണ്‌ കേരളത്തില്‍ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയാന്‍ വിധിക്കപ്പെട്ട ഭാര്യമാരുടെ എണ്ണവും വര്‍ധിച്ചത്‌. ഓരോ വീട്ടിലും ഓരോ(ഗള്‍ഫ്‌ വിധവ)യെങ്കിലും ഇന്നുണ്ട്‌. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത്‌ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ്‌ വിധവകള്‍ കേരളത്തിലുണ്ടെന്നാണ്‌.

ഏതെങ്കിലുമൊരു വിദേശ രാജ്യം. അതെവിടെയുമാകാം. ഇന്ന്‌ മലയാളികള്‍ അന്നം തിരഞ്ഞെത്താത്ത ലോകങ്ങള്‍ ഭൂലോകത്തില്ല. അവര്‍ വന്‍ നഗരങ്ങളിലോ ചെറു പട്ടണങ്ങളിലോ വൈദ്യുതിപോലും വന്നെത്തിനോക്കാത്ത മണല്‍ക്കാടിന്റെ മലയിടുക്കുകളിലോ ഒക്കെ പണിയെടുക്കുന്നുണ്ട്‌. ഗള്‍ഫിലുള്ള മലയാളികളില്‍ അഞ്ച്‌ ശതമാനത്തിന്‌ മാത്രമെ ഉയര്‍ന്ന ജോലിയും മികച്ച വരുമാനവുമുള്ളൂ.പൊള്ളുന്ന ചൂടിലും നിര്‍മാണ മേഖലകളിലാണ്‌ ശേഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍. ലേബര്‍ ക്യാമ്പുകള്‍ ഇന്നും പറയുന്നത്‌ ദുരിതങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ. പല ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കൊപ്പം. പല വേശങ്ങള്‍ ധരിക്കുന്നവര്‍ക്കൊപ്പം. അവരോടെല്ലാം അവന്‍ സൗഹൃദം സ്ഥാപിക്കുന്നു. അവരെ അത്ഭുതപ്പെടുത്തി അവരുടെ ഭാഷപോലും പഠിച്ചെടുക്കുന്നു.

അപ്പോഴെല്ലാം അവന്റെ കരുത്ത്‌ ഇക്കരെയുള്ള കുടുംബമാണ്‌. പ്രിയപ്പെട്ട ഭാര്യ. പൊന്നുമക്കള്‍, സ്‌നേഹനിധികളായ മാതാപിതാക്കള്‍. വല്ലപ്പോഴും അയക്കുന്ന പണത്തിനും വിലപിടിപ്പുള്ള സമ്മാനത്തിനും കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍... അവരെല്ലാം പൂത്ത്‌ തളിര്‍ക്കട്ടെ എന്ന്‌ കരുതിയാണല്ലോ അയാള്‍ കാതങ്ങള്‍ താണ്ടി അവിടെ എത്തിപ്പെട്ടത്‌.
പ്രവാസത്തിന്റെ വിമ്മിട്ടങ്ങളില്‍ കിടന്ന്‌ ശ്വാസം മുട്ടുമ്പോള്‍ സാന്ത്വനമാകാനും സംഘര്‍ഷങ്ങളുടെ ഹൃദയഭൂവിലേക്ക്‌ സ്‌നേഹത്തിന്റെ മരുപച്ചപോലെ ആശ്വാസത്തിന്റെ കുളിര്‍മഴപെയ്യിക്കാനും അയാള്‍ക്കുണ്ടായിരുന്നത്‌ പാതിമെയ്യായ ഭാര്യയായിരുന്നു, അവളാണവന്റെ കരുത്ത്‌. ആഴ്‌ചതെറ്റാതെ എത്തിയിരുന്ന കത്തുകളിലൂടെ. വല്ലപ്പോഴും എസ്‌ ടി ഡി കോളിനു മറുതലക്കല്‍ നിന്നും കേള്‍ക്കുന്ന വിതുമ്പുന്ന മനസ്സിലെ പാതിമുറിഞ്ഞ വാക്കുകളിലൂടെ...

കുഞ്ഞുമക്കളുടെ കുസൃതികളിലൂടെ. എല്ലാം ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. വേര്‍പ്പാടിന്റെ വേദനയുടെ ആഴത്തിന്‌ വ്യാപ്‌തി കൂടുകയായിരുന്നു.
ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. അതിന്‌ പരിഹാരമകലെയാണെങ്കിലും, അവന്റെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാരും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അയാളെമാത്രം ഓര്‍ത്ത്‌, കുടുംബത്തിനായി സ്വയം അലിഞ്ഞുതീരുന്ന ഒരുയന്ത്രം വീടിന്റെ ഏതോ ഒരുകോണില്‍ കഴിഞ്ഞുകൂടിയിരുന്നു.ഗള്‍ഫ്‌ കാരന്റെ ഭാര്യ. ഇന്നും അവള്‍ ആ മൂലയിലെവിടെയൊക്കെയോയുണ്ട്‌.

വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവളുടെ നിലവിളികളും സങ്കടങ്ങളും എന്നിട്ടും വലിയ ചര്‍ച്ചക്കൊന്നും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെടാറുമില്ല. ഇന്നും അവള്‍ ഒരു പ്രദര്‍ശന വസ്‌തുവല്ലേ. ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പ്രതീകമല്ലേ പലര്‍ക്കും...? കുടുംബാഗങ്ങള്‍ പോലും അവളെ ശരിക്ക്‌ മനസ്സിലാക്കിയോ..? സമൂഹം അപവാദം പറയാനല്ലാതെ മനസുകാണാന്‍ ശ്രമിച്ചുവോ...? ഇല്ലെന്നുതന്നെയാണുത്തരം. പരസ്‌പരം കണ്ടും അറിഞ്ഞും ആശയവിനിമയം നടത്തിയും മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിയാതെ ഭര്‍ത്താവ്‌ മറ്റൊരു വന്‍കരയില്‍. പ്രിയപ്പെട്ടവരുടെ വിവാഹാവസരത്തില്‍, മരണസമയത്ത്‌, ആറ്റുനോറ്റുണ്ടായ പൊന്നുമക്കളുടെ ജനന സമയത്ത്‌. ജീവിതത്തിലെ നിര്‍ണായകാവസരങ്ങളിലെല്ലം അയാള്‍ കാണാമറയത്താണ്‌. അപ്പോഴെല്ലാം അവള്‍ തിരയുന്നത്‌ ഒരുമുഖം മാത്രമാണ്‌. അടുത്തുണ്ടാവണമെന്ന്‌ കൊതിക്കുന്നതും അയാളുടെ സാന്നിധ്യമാണ്‌.

ചൂഷണങ്ങളുടെ, അപവാദങ്ങളുടെ മുഖങ്ങളെ എങ്ങനെയൊക്കെയാണവള്‍ അതിജീവിക്കുന്നത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലെന്നറിയുമ്പോള്‍ ചിലര്‍ക്ക്‌ അടുത്ത്‌ പറ്റിക്കൂടാന്‍ ഉത്സാഹമാണ്‌. ചൂഷകരുടെ പുഞ്ചിരിയും നന്മയുടെ നിലാവാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പോകുന്ന ആരെങ്കിലുമൊക്കെ ചതിക്കുഴികളില്‍ വീഴുന്നുണ്ടാവാം. പക്ഷേ എല്ലാവരേയും ഒരേ അളവ്‌കോലുകൊണ്ട്‌ അളക്കുന്നവരുടെ ക്രൂര വിനോദങ്ങളില്‍നിന്ന്‌ എവിടേക്കാണവള്‍ ഓടിയൊളിക്കുക.... തുറിച്ചുനോട്ടങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ ഏതു മാളത്തിലാണ്‌ അഭയം തേടുക...?

പ്രിയതമന്റെ വിരഹത്തിന്റെ ചൂടിനേക്കാള്‍ മനസിനെ മുറിവേല്‍പ്പിക്കുന്ന എത്രയെത്ര അനുഭവങ്ങളാണ്‌ പലര്‍ക്കും പറയാനുള്ളത്‌. ആരേയും വേദനിപ്പിക്കാതെയും മുഷിപ്പിക്കാതെയും എല്ലാവരുടേയും ബഹുമാന ആദരവുകള്‍ നേടിയെടുത്ത്‌ കഴിഞ്ഞു കൂടുന്നവരാണ്‌ അവരിലധികപേരും. ഭര്‍ത്താവ്‌ വിദേശത്താവുമ്പോഴും ഏറെപേരും കഴിയുന്നത്‌ ഭര്‍തൃവീടുകളില്‍ തന്നെയാണ്‌. ഭര്‍ത്താവിന്റെ മാതാവിന്റേയും പിതാവിന്റേയും സഹോദരങ്ങളുടെയും കൂടെതന്നെയാണ്‌ അവരുടെ ദിന ചര്യകളും. അപ്പോഴും സ്വന്തം വീട്ടിലേക്കൊന്ന്‌ പോകാനും അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും കഴിയാത്ത എത്രയോ സഹോദരിമാരുണ്ട്‌.

പ്രിയതമന്‍ കുടുംബത്തിനുവേണ്ടി മണല്‍കാട്ടില്‍ സ്വയമുരുകുമ്പോള്‍ ആ തീയില്‍ അവളുടെ ഹൃദയവും വേവുന്നുണ്ട്‌. വിവാഹാനന്തരമുള്ള കാത്തിരിപ്പ്‌ അനുഭവിച്ചവര്‍ക്കുപോലും പകര്‍ത്തിവെക്കാനാവില്ലെന്നാണ്‌ ഒരു പ്രവാസിയുടെ ഭാര്യപറഞ്ഞത്‌. ഉടനെവരുമെന്ന ആശ്വാസ വചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ഓരോ ദിനവും തള്ളി നീക്കുന്നത്‌. മോചനംകാത്ത്‌ കഴിയുന്ന തടവുപുള്ളികളുടെ കാത്തിരിപ്പ്‌ പോലെ ദുസ്സഹമാണത്‌. പക്ഷേ അതിന്റെ ദൈര്‍ഘ്യം പലപ്പോഴും കൂടും. ഒരുവര്‍ഷമെന്നത്‌ രണ്ടും മൂന്നും യുഗമായി നീളും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍, നിയമതടസ്സങ്ങള്‍...അങ്ങനെ പലതുമാവാം കാരണങ്ങള്‍. പക്ഷേ അതെല്ലാം പരിഹരിക്കുംവരെയുള്ള അവളുടെ തപസ്സ്‌. ആര്‍ക്കാണാ മനസ്സിന്റെ ആഴമളക്കാനാവുക...ആത്മവേദനയുടെ രോധനം കേള്‍ക്കാനാവുക..?

സ്‌നേഹംകൊണ്ടാണ്‌ മറ്റുള്ളവരെ കീഴ്‌പ്പെടുത്തേണ്ടതെന്നും കുടുംബത്തില്‍ ആഹ്ലാദത്തിന്റെ അന്തരീക്ഷം സ്ഥായിയായി വര്‍ത്തിക്കണമെങ്കില്‍ പരസ്‌പര വിശ്വാസത്തിന്റെ പൂമരങ്ങളാണ്‌ തളിരിട്ടു നില്‍ക്കേണ്ടതെന്നും അവളെ ആരും പഠിപ്പിച്ച്‌ കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ കണ്ണീരു നനയുന്ന ജീവിത പശ്ചാത്തലത്തിലും ജീവിതത്തെ പുഞ്ചിരിയോടെ നേരിടാനുള്ള മനക്കരുത്ത്‌ അവള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ട്‌. അനുരഞ്‌ജനത്തിന്റെയും സഹനത്തിന്റേയും പുതിയ പാഠങ്ങള്‍ പഠിച്ചെടുത്തത്‌ പുതിയ ചുറ്റുപാടിലെത്തിയ ശേഷമാവാം. എങ്കിലും അതിജീവനത്തിന്‌ അവള്‍ക്ക്‌ ആ വഴിയെ പുണരുകതന്നെ വേണം. എങ്കിലെ പുതിയ ഭവനത്തിലും സ്‌നേഹത്തിന്റെ തണല്‍ വിരിക്കാനാവൂ.

അങ്ങനെത്തന്നെയാണ്‌ മിക്ക ഗള്‍ഫ്‌ ഭാര്യമാരും കുടംബത്തെ കാത്തുപോരുന്നത്‌. ഭര്‍ത്താവിന്റെ അഭാവത്തിലും അകമേ കരയുമ്പോഴും പുറമേക്ക്‌ പുഞ്ചിരി പൊഴിക്കുന്നു അവള്‍. പക്ഷേ സഹിച്ച്‌ സഹിച്ച്‌ ഹൃദയം കല്ലായിപ്പോയ അവളെയും ബാധിക്കുന്നു ചില മാനസികപ്രശ്‌നങ്ങള്‍. അവ സങ്കീര്‍ണമാണ്‌. പ്രവാസികളുടെ ഭാര്യമാരില്‍ കണ്ട മാനസിക പ്രശ്‌നങ്ങളെ ഗള്‍ഫ്‌ സിന്‍ഡ്രോം എന്നാണ്‌ മനശാസ്‌ത്ര വിദഗ്‌ധര്‍ പേരിട്ട്‌ വിളിക്കുന്നത്‌. വേര്‍പ്പിരിഞ്ഞിരിക്കുന്ന ഭാര്യമാരുടെ മാനസികാവസ്ഥയില്‍ വരുന്നമാറ്റങ്ങളാണെത്രെ ഈ രോഗത്തിനുകാരണം. ജീവിത്തിന്റെ വസന്തകാലത്ത്‌ കാത്തിരിക്കാനുള്ള നിയോഗവുമായി അവള്‍ ഒറ്റപ്പെടുമ്പോഴാണ്‌ പുതിയകാലത്തിന്റേയും സാഹചര്യങ്ങളുടേയും സമ്മര്‍ദഫലമായി വിഷാദരോഗം, വന്ധ്യത തുടങ്ങിയവയെല്ലാം അവള്‍ക്ക്‌ കൂട്ടിനെത്തുന്നത്‌. വന്ധ്യത പ്രവാസിയേയും ഇന്ന്‌ അലട്ടികൊണ്ടിരിക്കുന്നുണ്ട്‌. അങ്ങനെയുള്ള ധാരാളം പേര്‍ ചികിത്സതേടിയെത്തുന്നുണ്ടെന്നുമാണ്‌ ആതുരാലയങ്ങളിലെ കണക്കുബുക്കുകള്‍ നമ്മോട്‌ പറയുന്നത്‌.

ഇരുപത്‌ വര്‍ഷം മുമ്പ്‌ വിവാഹിതനായ ഒരു ഗള്‍ഫ്‌കാരന്റെ അനുഭവം മറ്റൊന്നാണ്‌. മൂന്ന്‌ മക്കളായി. രണ്ട്‌ പെണ്‍മക്കളെ കെട്ടിച്ചുവിട്ടു.തരക്കേടില്ലാത്ത ഒരുവീട്‌ വെച്ചു. പക്ഷേ ഈ കാലത്തിനിടയില്‍ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കാന്‍ കഴിഞ്ഞത്‌ രണ്ടര വര്‍ഷം മാത്രമാണ്‌. ഇരുപത്‌ വര്‍ഷത്തിനിടയില്‍ ആകെ രണ്ടര വര്‍ഷം...

പിന്നെയും പല നഷ്‌ടകണക്കുകള്‍ പറയുന്നതിനിടെ അയാള്‍ സങ്കടപെട്ടത്‌ ഭാര്യയെക്കുറിച്ചായിരുന്നു. ജീവിതത്തില്‍ എന്ത്‌ സന്തോഷമാണവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞത്‌. വിവാഹം കഴിഞ്ഞപ്പോള്‍ 15 ദിവസമാണ്‌ ഒരുമിച്ചുകഴിയാനായത്‌. രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പിന്നീടൊന്ന്‌ കാണാന്‍. പക്ഷേ അപ്പോഴേക്കും ആദ്യ കുഞ്ഞിന്‌ ഒരു വയസായിരുന്നു. ഓരോ രണ്ടുവര്‍ഷത്തിനൊടുവിലും അനുവദിച്ച്‌ കിട്ടുന്ന അവധിയില്‍ അയാള്‍ നാട്ടിലെത്തി. ഇരുപത്‌ വര്‍ഷം കടന്നുപോയപ്പോള്‍ അയാള്‍ അന്‍പതാം വയസ്സിലെ വൃദ്ധനായി. ഭാര്യയും യൗവനം ചോര്‍ന്നുപോയ ഒരുപേക്കോലമായി. രണ്ട്‌ മക്കളുടേയും ജനനസമയത്ത്‌ അയാള്‍ക്ക്‌ അടുത്തുണ്ടാവാനായിട്ടില്ല. അവരുടെ വിവാഹ സമയത്തും കൂടെയുണ്ടാവാനായില്ല. ഇന്നും അയാളുടെ പ്രവാസത്തിന്‌ അവധി നല്‍കാനായിട്ടില്ല.

ഇളയമകളുടെ വിവാഹം കൂടെ... പണിതീരാത്തവീടിന്‌ മുകളില്‍ ഒരു നിലകൂടി. ആവശ്യങ്ങള്‍ പിന്നെയും പിന്നെയും കുന്നുകൂടി വരുന്നു.കുടുംബാഗങ്ങളുടെ ആഗ്രഹവും സ്വപ്‌നവും ബാധ്യതയും കൂടി അയാളുടെ ചുമലിലേക്ക്‌ വന്നുപതിക്കുന്നു. മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ അയാള്‍ക്ക്‌ കൈമോശം വന്നത്‌ ജീവിതത്തിന്റെ വസന്തങ്ങള്‍ തന്നെയായിരുന്നു. പാഴായിപ്പോയ യുവത്വത്തോടൊപ്പം കൊഴിഞ്ഞു വാടിയ എത്രയെത്ര മോഹങ്ങള്‍.... ഈ ഭാര്യയും ഭര്‍ത്താവും പതിനായിരങ്ങളുടെ പ്രതിനിധികളാണ്‌. പലരുടെയും ദാമ്പത്യജീവിതമെന്ന്‌ പറയുന്നത്‌ രണ്ടോ നാലോ വര്‍ഷങ്ങളിലൊടുങ്ങുന്നു.

മടക്കം പിന്നെ വാര്‍ധക്യത്തിലാവും. പലരുടെയും മരണംപോലും വിദേശത്ത്‌ വെച്ച്‌ സംഭവിക്കുന്നു. ചേതനയറ്റ ശരീരവുമായി വീടിന്റെ അകത്തളങ്ങളിലേക്കെത്തുന്നതോ അവസാനയാത്രക്ക്‌ തയ്യാറായി. ചിലയിടങ്ങളില്‍ നിന്നുമരണം സംഭവിച്ചാല്‍ പലര്‍ക്കും ജന്മനാട്ടില്‍ അന്ത്യനിദ്രക്കുള്ള ഭാഗ്യംപോലും ലഭിക്കാതെ വരുന്നു. ഇതെല്ലാം അനുഭവിക്കുന്നത്‌ പുരുഷനാവാം. പക്ഷേ അപ്പോഴെല്ലാം കണ്ണീര്‌ കുടിക്കേണ്ടത്‌ അവളും കുഞ്ഞുങ്ങളുമാണ്‌. പിന്നാലെ വരുന്ന ദുരിതപ്പുഴ നീന്തിതീര്‍ക്കേണ്ടതും അവളൊറ്റക്കാണ്‌.

കത്ത്‌ വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില്‌ കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്രത്തിരിക്കുമല്ലോ...എനിക്കാമുഖം കണ്ട്‌
മരിക്കാമല്ലോ.....

എസ്‌ എ ജമീലില്‍ തന്റെ ഗാനം അവസാനിക്കുന്നത്‌ ഈ വരികളിലൂടെയാണ്‌. പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ അദ്ദേഹം കുറിച്ച്‌ വെച്ച വരികള്‍ തന്നെയാണ്‌ ഇന്നത്തെ പെണ്ണിനും പറയാനുള്ളത്‌. മലക്കല്ല താന്‍വെറുമൊരു പെണ്ണാണെന്നാണ്‌ ഓര്‍മപ്പെടുത്താനുള്ളത്‌. വിദേശ നാണ്യത്തിന്റെ വരവ്‌ കുത്തനെ ഉയരുന്നതിലുള്ള ആഹ്ലാദങ്ങള്‍ക്കിടയില്‍ നിന്ന്‌ അധികൃതര്‍ക്ക്‌ അവളുടെ നഷ്‌ട സ്വപ്‌നങ്ങളുടെ കണക്കെടുക്കാന്‍ സമയമുണ്ടാവില്ല. നെടുവീര്‍പ്പുകളുടെ തോത്‌്‌ പരിശോധിക്കാനും. പക്ഷേ അവളും അവളുടെ പ്രശ്‌നങ്ങളും എന്നും ഉയര്‍ത്തുന്ന ആരോഗ്യ സാമൂഹിക പ്രശ്നങ്ങളോട്‌ ഇനിയും മുഖം തിരിച്ചിരുന്നാല്‍.....

No comments:

Post a Comment

Ascension

 The concept of a "vertical journey" or *Urooj* (*Miraj*) in Sufi thought refers to a mystical ascent, both metaphorical and liter...