Wednesday, 10 June 2015

ബില്ലങ്ങളിലൂടെ - ഒരു ലക്ഷദ്വീപ്‌ യാത്ര

പവിഴപുറ്റുകളാൽ സമ്പന്നമായ മരതക ദ്വീപുകൾ എല്ലായിപ്പോഴും മനുഷ്യരെ അമ്പരപ്പിക്കുന്നവാണ്‌. പ്രത്യേകിച്ചും ലക്ഷദ്വീപുകൾ. കുഞ്ഞോളങ്ങളിൽ തെന്നി നീങ്ങുന്ന മത്സ്യങ്ങൾ, കപ്പലുകൾക്കും ബോട്ടുകൾക്കും ഒപ്പം നീന്തി മറയുന്ന ഡോൾഫിനുകൾ, നാനാവർണ്ണങ്ങളണിഞ്ഞ പവിഴപുറ്റുകൾ, തീരം തേടി അലയുന്ന കടലാമകൾ, മീനിനു പുറകെ പായുന്ന ബോട്ടുകൾ അങ്ങനെ ലക്ഷദ്വീപിലെ അത്ഭുതങ്ങൾ നിരവധിയാണ്‌. ഒന്നിനൊന്നു വത്യസ്തമായ 36 ദ്വീപുകളുടെ കൂട്ടം. അവയിൽ വത്യസ്ത സംസ്കാരം നിറഞ്ഞ 10 ദ്വീപുകൾ, ആരോ കടലിലേക്ക്‌ വലിച്ചെറിഞ്ഞ മരതക മുത്തുകൾ പോലെ അവ, കടലിനു മുകളിൽ, തിരകളുടെ തലോടലേറ്റ്‌, അതിഥികളെ വരവേറ്റു. ദ്വീപുകൾ എന്നും അവരിൽ കൗതുകമുണർത്തികൊണ്ടിരിക്കുന്നു.

ഒരു ദിവസമെ ചിലവിട്ടുവേങ്കിലും കൽപേനി വിട്ടുപിരിയാൻ ഒരു മടി തോന്നി. ബോട്ടിലിരിക്കുമ്പോൾ എന്തെല്ലാമോ കാണാൻ ബാക്കിവെച്ച്‌ കൽപേനിയെ വിട്ടുപിരിയുന്നു എന്ന തോന്നലാണുണ്ടായത്‌. ഒടുവിൽ കപ്പലിൽ എത്തി. ആ വിഷമം മറക്കുവാൻ പറ്റിയ ഒരു വാർത്തയാണ്‌ അച്ഛൻ പറഞ്ഞത്‌. ഞങ്ങൾ നാളെ മിനിക്കോയിയിൽ ഇറങ്ങാൻ പോകുന്നു. ഏറെ സന്തോഷം തോന്നി അതു കേട്ടപ്പോൾ. 2009 ലെ അവസാന രാത്രിയായിരുന്നു അത്‌. കപ്പലിൽ ന്യു ഇയർ പാർട്ടി ഉണ്ടെന്ന്‌ കേട്ടിരുന്നു. പക്ഷെ പോകാൻ തോന്നിയില്ല. പുതുവർഷത്തിൽ കാണാൻ പോകുന്ന ഏറെ വത്യസ്തമായ മിനിക്കോയി (Minicoy) ദ്വീപിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ. ഞാൻ പോലുമറിയാതെ എന്നെ ഉറക്കം കീഴടക്കി.

വെള്ളിയാഴ്ച്ചയായതിനാൽ ദ്വീപിന്റെ ഭാഗങ്ങളെല്ലാം വേഗം കണ്ടുതീർക്കണം. കാരണം രണ്ടെരയോടെ കാപ്പിലിൽ കയറേണ്ടി വരും. ഒരു ഒമ്‌നി വാനിൽ ഞങ്ങൾ ദ്വീപിന്റെ തെക്കേ അറ്റത്തേക്ക്‌ യാത്രയായി. ഈ ദ്വീപിലെ ജനങ്ങളുടെ ജീവിതരീതി മറ്റു ദ്വീപുകളിലുള്ളതിനെക്കാൾ ഏറെ വത്യസ്ത മാണ്‌. ദ്വീപിലെ മുഴുവൻ ജനങ്ങളും താമസിക്കുന്നത്‌ മധ്യ ഭാഗത്താണ്‌. ഈ ഭാഗം പത്ത്‌ വില്ലേജുകളായി തിരിച്ചിരിക്കുന്നു. ഓരോ വില്ലേജിനും ഓരോ മൂപ്പനും അവർക്കൊത്തു കൂടാൻ വില്ലേജ്‌ ഹൗസുമുണ്ട്‌. വില്ലേജിലെ പ്രശ്നങ്ങൾക്ക്‌ ഇവിടെ പരിഹാരം കാണുന്നു. വില്ലേജിലെ എല്ലാ ജോലികൾക്കും ആഘോഷങ്ങൾക്കും അവർ ഒറ്റക്കെട്ടായി പ്രവൃത്തിക്കുന്നു. ഒരു കുടുംബം പോലെ അവർ ഒത്തൊരുമയോടെ ഒരു കുടുംബം പോലെ ജീവിക്കുന്നു. മറ്റൊരു ദ്വീപിലും കാണാത്ത ഒരു ഐക്യം ഇവിടുത്തെ ജനങ്ങളിലുണ്ട്‌.

ഞാൻ റോഡിലെ കാഴ്ച്ചകളും മറ്റും നോക്കിക്കൊണ്ടിരിക്കുക- യാണ്‌. വില്ലേജുകൾ കഴിഞ്ഞ്‌ ഞങ്ങൾ മുന്നോട്ട്‌ നീങ്ങി. വില്ലേജുകൾ കഴിഞ്ഞപ്പോൾ ഒരു കാട്ടുപ്രദേശത്തിൽ കൂടി പോകുന്നത്തു പോലെ തോന്നി. മിനിക്കോയിയിലെ ലൈറ്റ്‌ ഹൗസിലേക്കാണ്‌ യാത്ര. കുറച്ചു മുന്നിലായി ഒരു ആൾക്കൂട്ടത്തെ കണ്ടു. അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌ അത്‌ ടൂറിസ്റ്റുകാരായിരുന്നു. മിനിക്കോയി ലൈറ്റ്‌ ഹൗസിനു മുന്നിലാണ്‌ ഞങ്ങൾ ഇപ്പോഴുള്ളത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു ലൈറ്റ്‌ ഹൗസാണിത്‌. 1888 - ൽ ബ്രിട്ടീഷുകാരാണ്‌ ഈ ലൈറ്റ്‌ ഹൗസ്‌ നിർമിച്ചതു. അന്ന്‌ മുതൽ ഈ വഴി വന്നു കൊണ്ടിരിക്കുന്ന കപ്പലുകളിൽ നിന്ന്‌ നല്ല ഒരു സംഖ്യ ചുങ്കമായി ബ്രിട്ടീഷുകാർക്ക്‌ കിട്ടിക്കൊണ്ടിരുന്നു. നൂറു വർഷത്തിലേറെയായി ഒരു ഗാംഭീര്യത്തോടെ ഇത്‌ തലയുയർത്തി നിൽക്കുന്നു. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ ലൈറ്റ്‌ ഹൗസാണിത്‌. ലക്ഷദ്വീപിന്റെ തെക്കേ അറ്റത്തുള്ള ഈ ദ്വീപുതന്നെ ബ്രിട്ടീഷുകാർ ലൈറ്റ്‌ ഹൗസ്‌ നിർമ്മാണത്തിന്‌ തോയിരഞ്ഞെടുക്കാൻ കാരണം ഇതു വഴിയുള്ള കപ്പൽ ഗതാഗതം കണക്കിലെടുത്താവണം. വെളുത്ത ശരീരവും ചുവന്ന തലക്കെട്ടുമുള്ള ഈ ലൈറ്റ്‌ ഹൗസ്‌ കാഴ്ച്ചയിൽ അതി മനോഹരമായിരുന്നു. സമയക്കുറവു കാരണം ലൈറ്റ്‌ ഹൗസിൽ കയറാൻ നിൽക്കാതെ ഞങ്ങൾ ദ്വീപിന്റെ തെക്കേ അറ്റത്തേക്ക്‌ തിരിച്ചു.

പിറ്റേന്ന്‌ പതിനൊന്നരയോടെ കപ്പൽ അമിനിയിലെത്തി. വളരെ അടുത്തടുത്ത്‌ കിടക്കുന്ന രണ്ട്‌ ദ്വീപുകളാണ്‌ ഞങ്ങളുടെ ദ്വീപായ കടമത്തും (Kadmat) അമിനിയും (Amini). കടമത്തിലേക്ക്‌ പോകാൻ ബോട്ടിൽ ഒരുമണിക്കൂറോളം എടുക്കും. കടമത്തിലിറങ്ങുമ്പോഴേക്കും സമയം പന്ത്രണ്ടരയോടടുത്തിരുന്നു. എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു യാത്രയായിരുന്നു ഇത്‌. വീണ്ടും അവിടേക്ക്‌ പോകാൻ മനസ്സ്‌, ഇന്നും, കൊതിക്കുന്നു.

ലക്ഷദ്വീപ്‌ വെബ്സൈറ്റ്‌

http://lakshadweep.nic.in/

ലക്ഷദ്വീപ്‌ ഷിപ്‌ ഷെഡ്യൂൾ

http://lakport.nic.in/

No comments:

Post a Comment

Bulle Shah's lines

Original Punjabi (Gurmukhi script, as in the image): ਪੜ੍ਹ ਪੜ੍ਹ ਆਲਿਮ ਫ਼ਾਜ਼ਿਲ ਹੋਇਓਂ, ਕਦੇ ਆਪਣੇ ਆਪ ਨੂੰ ਪੜ੍ਹਾਈ ਨਹੀਂ। ਜਾ ਜਾ ਵੜਦਾ ਏਂ ਮੰਦਿਰ ਮਸੀਤੀਂ, ਕਦ...