Saturday, 11 March 2023

nidradevi

*യാത്ര*

തിരോന്തരത്ത് എൻസിസി സംബന്ധമായ അടിയന്തിര കൂടിക്കാഴ്ചക്ക് 31ന് എത്തണം... മുൻകൂർ ആയി വകുപ്പ് മേധാവിയെ അറിയിച്ചു, പോയി വാടാ മക്കളെ, മംഗളം ഭവന്തൂ ഓതി ഭഗവാൻ എന്നെ റൂമിൻ്റെ പുറത്തേക്ക് ആനയിക്കപ്പെട്ടു... സന്തോഷം... അപ്പോഴാണ് അതാ വരുന്നു ഉപതെരഞ്ഞെടുപ്പ്, അതിൻ്റെ കൂടെ പെരുമാറ്റചട്ടവും...

പെരുമാറ്റ ചട്ടം ഒരുതരം ചട്ടമ്പിത്തരം ആണ്... ഒരു തെണ്ടിക്കും ലീവ് കൊടുക്കരുത്, ലീവിൽ പോയ തെണ്ടികളെ ഉടൻ തിരിച്ച് വിളിക്കണം.. ഡ്യൂട്ടിയിൽ TA, DA വാങ്ങാൻ പോകുന്ന മാക്രികളെ വിടരുത്... എന്ന് സസ്നേഹം തെരഞ്ഞെടുപ്പ് കമ്മീഷണർ... ഉത്തരവ് പുറത്ത്...

പെട്ടു... കൂടിക്കാഴ്ചക്ക് എത്തൽ ഫർള് ഐൻ... തിരോന്തരത് വിളിച്ചിട്ട് എൻസിസി ADG ൻ്റെ കുത്തുള്ള കത്തും വാങ്ങി വീണ്ടും നേരത്തെ അനുഗ്രഹിച്ച് അയച്ച ഭഗവാൻ്റെ മുമ്പിലേക്ക്...

ക്യ ഹുവാ, തേരാ ബാവാ... ഭഗവാൻ തല ഉയർത്താതെ മുരണ്ടു...

ഹിന്ദി അറിയാത്തത് കൊണ്ട് ഇംഗ്ലീഷിൽ മറുപടി...
സർ ji, അസ് യൂ നോ, മോഡൽ കണ്ടക്റ്റ് ഇസ് declared ആൻഡ് ഐ ഹാവ് നോ ഐഡിയ how to attend മൈ കമ്പൽസറി മീറ്റിംഗ് അട് തിരോന്തോരം...

ആരെ ബത്ത് മാഷ്... You will not go anywhere... I will be troubled if you leave the headquarters...

ബത്ത് മാഷ് സാറിൻ്റെ ഇളാപ്പ... അല്ലാ പിന്നെ... അപ്പോഴാണ് വേദിയിലേക്ക് സാറിൻ്റെ വലംകൈ ഇങ്ക മാഷ് വരുന്നത്... പ്രസംഗ കലയിൽ സംപൂജ്യം ആയ മൂപർ ഉടനെ ഒരു നിയമവശം ഏതോ കിതാബിൽ നിന്നും വാരി വലിച്ച് ഇട്ടു... If HOD is satisfied, can relieve the officer to attend emergency office duties...

അങ്ങനെ ഭവാൻ വീണ്ടും ആശിർവദിച്ചു... ദീർഘ യാത്രാ ഭവന്തു...
ഹും! തൂ ദുഷ്ട ഹെ ദുഷ്ട... ഹിന്ദി അറിയാത്തത് സാറിൻ്റെ ഭാഗ്യം...

ടിക്കറ്റ് തപ്പി നോക്കി, പണ്ടെ പോലെ കാലി... EQ ടിക്കറ്റിന് അപേക്ഷ എഴുതി ആപ്പീസ് സീൽ വെച്ച് അസിസ്റ്റൻ്റ് പോർട്ട് ഓഫീസറേ കണ്ടൂ... സ്കൂൾ കുട്ടികളുടെ ticket ആവശ്യത്തിന് കുറഞ്ഞത് ഒരു അയ്യായിരം തവണ പുള്ളിയെ കണ്ടിട്ടുണ്ട്...

നിങൾ education kaare കൊണ്ട് ശല്യം ആണല്ലോ... നിങ്ങൾക്ക് സ്വന്തമായി ഒരു കപ്പൽ തരേണ്ട അവസ്ഥ ആണ്...

സാർ വിൽക്കാൻ വെച്ച Amini dweeviz മിനിക്കോയ് ദ്വീപ് കപ്പലുകൾ ഞങ്ങൾക്ക് തരൂ... ഒരു സഞ്ചരിക്കുന്ന സ്കൂൾ ആയി  മാറ്റാം...ഒപ്പം കോളേജിൽ ഒരു കപ്പൽ ഓട്ട കോഴ്സ് തുടങ്ങാം... Njangal കോടികൾ വാരും, കോടികൾ...
അയാള് പിറുപിറുത്തു കടലാസിൻ്റെ അടിയിൽ എന്തൊക്കെയോ എഴുതി കൂട്ടി... അത് വായിക്കാൻ ഫാർമസിയിൽ ഉള്ളവർക്ക് പോലും പറ്റില്ല... എന്തൂറ്റ് കൈയക്ഷരം ആണ് ഹെ... നാല് വരിയുള്ള കോപ്പി ബുക്ക് കൊടുത്താൽ ചിലപ്പോൾ രക്ഷപ്പെടും...

തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിയെ കോഴിക്കോട്ട്കാരൻ ചേട്ടൻ്റെ സ്കൂളിൻ്റെ മുമ്പിലുള്ള ചായ പീടികയിൽ നിന്നും കുറെ ചൂട് cutlet പിന്നെ നല്ല monjan pazhampori പാഴ്സൽ വാങ്ങിച്ചു...
യാത്ര ഉദ്ദേശ്യം ഫാര്യയെ അറിയിച്ചു (നേരത്തെ വാങ്ങിയ പാർസൽ തദവസരത്തിൽ നൽകുന്നത് ഒരു കീഴ്വഴക്കം ആണല്ലോ) ഗൃഹമന്ത്രിയുടെ അനുവാദം ഒരു നല്ല ദാമ്പത്യത്തിന് നല്ലത് ആണെന്ന് കാറൽ മാർക്സ് ആണോ അതോ ഗാന്ധിജി ആണോ ആരോ പറഞ്ഞിട്ടുണ്ട്...

സമ്മാനം കിട്ടിയ സന്തോഷത്തിൽ മധുരം നുകരുമ്പോഴുള്ള അവരുടെ പ്രസന്ന മുഖം മാറുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ട് വുളു എടുക്കാൻ എന്ന തരത്തിൽ വേഗം പൈപ്പിൻ്റെ അടുത്തേക്ക് ഓടി... വുളു ഒരു നല്ല ദാമ്പത്യത്തിന് നല്ലത് ആണ് എന്ന കാര്യം ഞാൻ പ്രത്യേകം പറയണ്ടല്ലോ...

രാവിലെ പോർട്ടിൽ നിന്നും അനുവദിച്ച് കിട്ടിയ രണ്ടാംക്ലാസ് ടിക്കറ്റ് വാങ്ങിച്ച് വീട്ടിലേക്ക് ഓടി... ഗൃഹമന്ത്രി വാതിക്കൽ.. മോന് കടുത്ത പനി... വേഗം ആശുപത്രിയിൽ പോകണം... സംഗതി ലേശം കടുപ്പത്തിൽ ആണ്... കിടന്നു വിറക്കുന്നു പഹയൻ... വേഗം റേഡിയാക്കിയൂട് ennum പറഞ്ഞ് ഓഫീസിലേക്ക് ഓടി. മൂന്ന് pending ഫയലുകൾ (തലേ ദിവസം രാത്രി കഷ്ടപ്പെട്ടത്) ബോസിനെ ഏൽപ്പിച്ചു വീണ്ടും വീട് വഴി ആസ്പത്രിക്ക്... ഫയങ്കര ക്യൂ... ശിശുരോഗ വിദഗ്ധൻ ഇല്ലാത്ത ദിവസം ആണത്രേ... നിഷാദ് ഡോക്ടറെ കാണൂ എന്നു കൗണ്ടറിലെ ഗുണ്ട..

നിഷാദ് ഡോക്ടർ വളരെ നേരത്തെ എത്തി രോഗികളും രോഗങ്ങളോടും യുദ്ധം ചെയ്ത് അവശനായി ഒരു ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞു പുറത്തേക്ക് നീങ്ങി... കപ്പൽ കയറാൻ 11.30 ന് എത്താൻ കപ്പിത്താൻ നേരത്തെ അറിയിച്ചിട്ടുണ്ട്... ക്യൂവിൽ ഉള്ള രോഗികളോട് കടത്തി വിടാൻ അനുവാദം ചോദിക്കാൻ തീരുമാനിച്ചു. അവർ വിചാരിച്ചാല് മാത്രമേ എനിക്ക് കപ്പലിൽ കയറാൻ പറ്റൂ... നല്ലവരായ കവരത്തിക്കാർക് വല്ല അഹങ്കാരവും ഉണ്ടോ... വാക്തർക്കങ്ങൾ ഇല്ല, കുശുമ്പ് ഇല്ല, എല്ലാവർക്കും സമ്മതം... ദാ വരുന്നു നിഷാദ് ഡോക്ടർ... ആൾ ചായ കുടിച്ച് ഉശാറായിട്ടുണ്ട്... അകത്തേക്ക് കയറാൻ കാൽവേക്കെ, വരിയുടെ അടിയിൽ നിന്ന് ഒരു പ്രായമുള്ള ആൾ... ഒരു രാഷ്ട്രീയ look und പക്ഷേ രാഷ്ട്രീയക്കാരൻ അല്ല... എൻ്റെ കാലിൻ്റെ മുകളിലൂടെ ആള് കയറിപോയി... അധികം സംസാരിക്കുന്ന ആളുകൾ അകത്ത് കയറിയാൽ വേഗം പുറത്ത് വരില്ല... എൻ്റെ കപ്പൽ പോയാൽ... വേറെ കപ്പൽ ഇല്ല... അയാള് യുഗങ്ങളായി പറയാൻ വെച്ച ഭാരങ്ങൾ നിഷാദ് ഡോക്ടറുടെ മുമ്പിൽ തള്ളുകയാണ്... അവസാനം അയാള് പുറത്തേക്ക്...

ഞാൻ ഓടിക്കയറി... മകനെ കാണിച്ചു... കടുത്ത പനി, കുറെ പരിശോധിച്ചിട്ട് കുട്ടി അവശനായി കണ്ടത് കൊണ്ടും രോഗം കുറച്ച് കടുത്തത്കൊണ്ടും ആൻ്റിബയോട്ടിക് എഴുതി...
മരുന്ന് കഴിപ്പിക്കാൻ ഫയർ ഫോഴ്സിൻ്റെ സഹായം ആവശ്യമുള്ളത് കൊണ്ട് ഗുളിക ആയി തരാൻ അപേക്ഷ കൊടുത്തു... ഗുളിക ചെക്കൻ ഒറ്റക്ക് ഇരുന്നു പരസഹായമില്ലാതെ വിഴുങ്ങും... പക്ഷേ, മരുന്ന്... യുദ്ധം ഉണ്ടാകും..

വേഗം ഓടി വീട്ടിൽ എത്തി... മരുന്നിനെക്കുറിച്ച് കൊച്ചിൻ്റെ അമ്മയോട് വിവരണം നൽകി... ആൻ്റിബയോട്ടിക് ആണ്, രോഗം ശമനം കിട്ടിയാലും കോഴ്സ് complete ആക്കണം... മരുന്നിൻ്റെ കാര്യത്തിൽ അവളെക്കാൾ അലംഭാവം ഈ പരിസരത്ത് ആരും ഉണ്ടാവില്ല... ഗർഭിണി ആയ സമയത്ത് കാൽസ്യം ഗുളികഒക്കെ കോഴിക്ക് കൊടുത്ത കക്ഷി ആണ്... പിന്നീട് കുട്ടിയുടെ കൈ തുടരെ തുടരെ ഒടിഞ്ഞപ്പോൾ ആണ് അവള് കുമ്പസരിച്ചത്, കാൽസ്യം ഗുളികൾ ഉണ്ടാക്കുന്ന മണവും അതിൻ്റെ വലിപ്പവും കാരണവും നമ്മുടെ കോഴികൾക്ക് ശക്തി കിട്ടാൻ വേണ്ടിയും ഗുളിക കോഴികൾക്ക് കൊടുത്ത് ന്നു... അപ്പോഴാണ് ഈ വിനീതൻ പറ്റിക്കൽസ് അറിഞ്ഞത്... ഭർത്താക്കന്മാരെ ഇങ്ങനെ പറ്റിക്കാമോ യുവതികളെ...???

ജെട്ടിയിലേക്ക് ഓട്ടം വെച്ച് കൊടുത്തു.. കപ്പൽ പോയി കാണുമോ... ആണെങ്കിൽ അവിടെ കിടന്നു ചമ്മും...
ഇല്ല, പോയില്ല... പക്ഷേ, ഞാൻ എത്തുമ്പോൾ കപ്പലിൽ എല്ലാവരും കയറി കഴിഞ്ഞു... The Last Traveller from Hell ആയി ഞാനും... പക്ഷേ, കപ്പൽ ഉടനെ ഒന്നും പോകാൻ സാധ്യത ഇല്ല... നിറയെ ചരക്കുകള്.. ഇനിയും കുറെ ഇറക്കാൻ ഉണ്ട്. ഉച്ച കഴിഞ്ഞാലേ തീരൂ... അത് ശരി.. കപ്പിത്താൻ, ബ്ലഡി baduvaa... മനുഷ്യനെ നേരത്തെ വിളിച്ച് പറ്റിച്ചിരിക്കുന്നു... വന്ന സ്ഥിതിക്ക് തിരിച്ച് വീട്ടിൽ പോകണ്ട... ബാഗ് വെച്ചിട്ട് ഒന്നാം ക്ലാസ് കാൻ്റീലിലേക്ക് നടന്നു... ഉച്ചഭക്ഷണം കൃത്യസമയത്ത് കഴിക്കണം... അല്ലെങ്കിൽ ക്യാൻ്റീൻ പൂട്ടിപോകും... കപ്പൽ കയറിയാൽ എന്തെങ്കിലും തിന്നു കൊണ്ടിരിക്കണം... അത് ഒരു വീക്നെസ് ആണ്... പ്രത്യേകിച്ച് കപ്പ പൊരിച്ചത് ലേശം മസാല ചേർത്ത്, ഭയങ്കര ശബ്ദത്തിൽ കടിച്ച് ഒച്ച ഉണ്ടാക്കി... ഹേ എന്ത് രസം...

ഒന്നാം ക്ലാസിൽ പച്ച ചോറും രാജ്ഭവനിൽ നിന്നുള്ള പരിപ്പും... അത് വടക്കേ ഇന്ത്യയിൽ കൊടുക്കൂ എന്ന് പിരാകി രണ്ടാം ക്ലാസിലേക്ക് നടന്നു...

രണ്ടാം ക്ലാസ് സാധാരണക്കാരുടെ ഇടം.. ആദ്യം ഭക്ഷണത്തിൻ്റെ പണം അടച്ച് receipt വാങ്ങണം... അതാണ് അലിഖിത നിയമം... എൻ്റെ മുമ്പിൽ ഒരു കാക്കത്തൊള്ളായിരം ആളുകൾ ഉണ്ട്... തൂണിൽ അവശനായി ചാരിനിന്നു... മൂന്ന് ചെക്കന്മാർ എന്നെ നോക്കി ചിരിക്കുന്നു... പണ്ട് എട്ടിൽ പഠിപ്പിച്ച പിള്ളാർ... പഠിപ്പിൽ കുറച്ച് ബാക്കിൽ ആണെങ്കിലും അവർക്ക് ആണ് കൂടുതൽ സ്നേഹം...  അവന്മാർ നേരത്തെ വന്നു,  അടിച്ച് കയറ്റുന്നത് നാടൻ ബിരിയാണി! സംഗതി കൊള്ളാം... അതും ചിക്കൻ... കണ്ടപ്പോൾ തന്നെ വയറിൽ ഇങ്ക്വിലാബ് വിളികള് ഉയർന്നു... നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഭക്ഷണഷീറ്റ് കിട്ടി... 80 ഇന്ത്യൻ ഡോളർ ആണ് നാടൻ ബിരിയാണിയുടെ വില... കസേരയിൽ പോയി ഇരുന്നു...
ബിരിയാണി വന്നു... വളരെ നീളം കൂടിയ മനുഷ്യന് ഒരു കുഞ്ഞു കഷണം കോഴി... അവൻ്റെ അമ്മേടെ വീടിൻ്റെ തൊട്ടടുത്ത് ആണ് എൻ്റെ വീട്... എന്നിട്ടാണ് അവൻ എന്നോട്... അല്ലെങ്കിൽ വേണ്ട... നാം കിട്ടിയ ഭക്ഷണം കൊണ്ട് തൃപ്തി കാണിക്കുക, എന്തിനാണ് ബഹളം വെക്കുന്നത്... ആഫ്രിക്കയിൽ ഒക്കെ ഭക്ഷണം കിട്ടാത്ത എത്ര പേരുണ്ട് .. വീട്ടിൽ ഭക്ഷണത്തെ രുചിയെ വിമർശിക്കുമ്പോൾ സ്ഥിരം ഈ ഡയലോഗ് കേട്ടിട്ടുണ്ട്... ശാപ്പാട് കഴിഞ്ഞ് ബെഡ് നോക്കി നടന്നു... മദ്ധ്യാഹ്നം പ്രാർത്ഥനക്ക് ഉള്ള സമയം ആണ്... പക്ഷേ യാത്രക്കാർക്ക് ഇളവ് ഉണ്ടല്ലോ... മാത്രമല്ല ആകെ അവശനാണ്... വൈകുന്നേരം ഉള്ള പ്രാർത്ഥനയോട് ചേർത്ത് ചുരുക്കി നിസ്കരിക്കാൻ ഉദ്ദേശ്യം വെച്ച് ബെഡ്ഡിൽ വീണു... തൊട്ടടുത്ത് ഉള്ള ബെഡ്ഡിൽ കുറെ നാടൻ ഉമ്മമാർ... അവർ ചികിത്സ കഴിഞ്ഞ് വരുന്ന വഴി... ഫറം ഇല്ലെങ്കിലും സീറ്റിൽ അവർ സ്വൈര്യമായി സംസാരിക്കുന്നു...

ഉയരം കൂടിയവരെ പരിഗണിക്കാതെ നിർമ്മിച്ച ഡബിൾ ഡക്കർ ബെഡ്.. തലമുട്ടി... ഇരിക്കാൻ പറ്റാത്ത ഉയരം... വേഗം കിടന്നു...

അയ്യോ!!!
തൊട്ടടുത്ത് ഒരു സുന്ദരി...
Sorry ഭവതി... ഞാൻ ശ്രദ്ധിച്ചില്ല...

അയ്യോ സാരമില്ല... ഞാൻ മാഷിനെ തേടി വന്നത് ആണ്... എൻ്റെ അടുത്ത് കിടക്കൂ...

ഫ്ഭ എരപ്പാളി... ഞാൻ അത്തരക്കാരൻ നഹി ഹേ... തൂ ജാ പാൽത്തൂ ജാൻവർ..

അപ്പോൾ ആ സുന്ദരി കോത അവളുടെ മാൻ മിഴി കൊണ്ട് കുത്ത് വെച്ച് തന്നു... അതിൽ ഞാൻ ശരിക്കും മറിഞ്ഞ് വീണു... അവള് എൻ്റെ മുകളിൽ ചാടി കയറി...

ഭവതി... നോം വിവാഹിതൻ ഹേ... മേരെ ലിയേ ഒരു ഭാര്യ രണ്ട് കുട്ടികൾ ഹെ... തോ മുജെ ചോട് ദോ... എൻ്റെ ഭാര്യ അറിഞ്ഞാൽ ഉണ്ടല്ലോ നിൻ്റെ മയ്യത്തും എൻ്റെ പതിനാറ് അടിയന്തിരവും ഒന്നിച്ചായിരിക്കും...

അവളുടെ തണുത്ത കൈകൾ എൻ്റെ കണ്ണിൻ്റെ മേലെ, മുഖത്തിലൂടെ ഒക്കെ തടവി നടന്നു, എൻ്റെ പ്രതിരോധം ഇല്ലാണ്ടായി... വെപ്രാളം പോയി...

ചൂട് നിശ്വാസം... (ഈ ഭാഗം 18 വയസിനു താഴെ ഉള്ളവർക്കും വായിക്കാമെന്ന് സെൻസർ ബോഡ് അറിയിച്ചിട്ടുണ്ട്)... എൻ്റെ അത്ര ഉയരമുള്ള പെൺകുട്ടി... അവളുടെ കാൽ പാദങ്ങൾ എൻ്റെ കാല് പാദത്തിൻ്റെ മുകളിൽ ആണ്. എന്നിട്ടും അവളുടെ മുഖം എൻ്റെ മുഖത്തിൻ്റെ നേരെ വരണമെങ്കിൽ നല്ല നീളമുള്ള കുട്ടി ആയിരിക്കും... അവളുടെ ശരീരം ദേഹത്തോട് ചേർന്നപ്പോൾ കഴിഞ്ഞ പല ദിവസങ്ങളായി അനുഭവിച്ച frustration ഇല്ലാണ്ടായി... നെഞ്ച് ഇടിപ്പ് സാധാരണപോലെ ആയി... ഞാൻ മെല്ലെ പറഞ്ഞു... "ആരെങ്കിലും കാണും കുട്ടിയെ...." 

അവള്: വിരി (കർട്ടൻ) അടച്ചിട്ടുണ്ട് ആരും കാണില്ല...
ഞാൻ: അപ്പുറത്ത് പെണ്ണുങ്ങൾ ഉണ്ട്... അവർക്ക് നിൻ്റെ സാന്നിധ്യം കണ്ടാൽ നാട്ടിലാകെ പാട്ടാകും റേഡിയോ മാംഗോ...
അവള്: അവർ മയക്കത്തിലേക്ക് വീണു... അവരുടെ ശബ്ദം നിലച്ചല്ലോ... എന്നെ പേടിയാണോ?
ഞാൻ: പേടിയോ എനിക്കോ?;ഇല്ല.. പക്ഷേ, ഒരു ഭയം...
അവള്: (ഒരു ചെറിയ ചിരി പാസാക്കി... അവളുടെ ശ്വാസവും നീണ്ട മുടിയും ദേഹത്ത് വീണു...) അവളുടെ കൈവിരലുകളും എൻ്റെ നെഞ്ചില് പരാതി നടന്നു... എന്തെങ്കിലും കാണാതെ പോയത് തെരെയുന്നത് ആണോ ആവോ? 
ഒരു പെണ്ണ് ശ്രമിച്ചാൽ തീരുന്നത് ആണ് ആണിൻ്റെ മാനം... മാഷേ കൺട്രോൾ yourself... You are a teacher... 

ഞാൻ: എന്തൂട്ട്ട്ടാണ് കുട്ടിയുടെ പേര്... ഭർത്താവ് എന്ത് ചെയ്യുന്നു...
അവള്: ഞാൻ കല്യാണം കഴിച്ചിട്ടില്ല... എൻ്റെ പേര് ദേവത...
ഞാൻ: ദേവതയോ? വല്ല യക്ഷിയും ആണോ? എൻ്റെ ചോര കുടിക്കാൻ ആണോ ഉദ്ദേശ്യം..
അവള്: (വീണ്ടും ചിരിച്ചു) എന്നെ കൂടുതൽ വാരി മുറുക്കി കൊണ്ട് പറഞ്ഞു... ഞാൻ ദേവത ആണ് മാഷേ... നിദ്രയുടെദേവത...

ഞാൻ: അയ്യേ... നിദ്രാദേവത ആയിരുന്നോ.. നശിപ്പിച്ചു... പിശാച്, ഇയാൾക്ക് നേരത്തെ പറഞ്ഞു കൂടായിരുന്നോ.. മനുഷ്യനെ കൊതിപ്പിച്ചിട്ട്... Get out.. മേലാൽ എൻ്റെ കൺമുന്നിൽ വന്നു പോകരുത് അസത്തെ...

അവള്: അങ്ങനെ ഒന്നും പോവില്ല മാഷേ...

കൈ വലയം കൂടുതൽ ശക്തമായി... ശ്വാസം മുട്ടി, ബലപ്രയോഗം പ്രതിരോധം നശിപ്പിച്ചു... അവളുടെ സുഖലോലുപമായ മാന്ത്രിക പ്രയോഗത്തിൽ ഞാൻ ഉറക്കത്തിൻ്റെ ആലസ്യത്തിലേക്ക് വീണു... ഭയാനകമായ, സുഖകരമായ ഉറക്കം... ഞരമ്പുകൾ അയഞ്ഞു, മനസ്സ് ശാന്തമായി ഉറങ്ങി... ദൈവം തമ്പുരാൻ ഉറക്കിനെ എത്ര ഭംഗിയായി ഉണ്ടാക്കി... അവള് പുൽകുമ്പോൾ സുഖകരമായ അനുഭവം തന്നെയാണത്...

ഏതാണ്ട് നാല് മണി ആയപ്പോൾ അവള് എൻ്റെ ശയ്യ വിട്ടു പോയിരുന്നു... അടുത്ത് ഒരു കുറിപ്പ് വെച്ചിട്ടുണ്ട്...
"ഞാൻ പോകുന്നു ഇക്ക (ഞാൻ eppol ഈ പിശാചിൻ്റെ ഇക്ക ആയി)... ഇനി ഒരിക്കൽ കാണാം..."
ഫോൺ നമ്പർ... ഇല്ല വെച്ചിട്ടില്ല...ദുഷ്ട..

കപ്പൽ ഇപ്പോൾ ഏതായാലും കവരത്തി വിട്ടുകാണും...
പോയി കടലും കടൽ കാക്കകളും കണ്ടിട്ട് ഒരു ചായ കുടിക്കാം...

നേരെ ഡെക്കിലേക്ക് നടന്നു... അയ്യോ ..കപ്പൽ കവരത്തിയിൽ തന്നെ... ചരക്ക്  ഇറക്കം പൂർത്തി ആയില്ലത്രെ....

ഇവന്മാരെ എന്തോന്ന് ചെയ്യാൻ... രണ്ടാം ക്ലാസ് കാൻ്റീനിലെ ക്യൂവിൽ നിന്ന് ഒരു ചായയും ഒരു പട്ടി ബിസക്ട്ടും വാങ്ങി ചായ ഊമി... ഫോണിൽ വന്നു കിടന്ന msg കൾ പരതി... അനവധി ഗ്രൂപ്പുകൾ msg വന്നു നിറഞ്ഞിട്ടുണ്ട്. അതിൽ എൻസിസി ഓഫീസിൽ നിന്നുള്ള ഒരു msg... വേഗം എടുത്ത് വായിച്ചു... ചിലപ്പോൾ happy ജേണി ആശംസ ആയിരിക്കും...

പക്ഷേ, അതല്ല msg...
തിരോന്തരത് നിശ്ചയിച്ച കൂടികാഴ്ച ഓൺലൈൻ ആയിട്ട് ആയിരിക്കും അതോണ്ട് ആരും തിരൊന്തരത് പോകണ്ടതില്ല...

ഇത്രയും കഷ്ടപ്പെട്ടത് വെറുതെ ആയി... നേരത്തെ ഉറങ്ങി എടുത്ത ഊർജ്ജം മൊത്തം ഡൗൺ ആയി... റൂമിലേക്ക് വേഗം ഓടി പെട്ടിയും കിടക്കയും എടുത്ത് ഗാങ് വെ ലക്ഷ്യമാക്കി നടന്നു... കപ്പൽക്കാരനോട് കാര്യം പറഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ എൻസിസി ഇൻസ്ട്രക്ടർ mr ഉത്തം...
ലീവിൽ നാട്ടിലേക്ക് പോകുവാന് നില്ക്കുന്നു... പുള്ളിക്കാരന് ക്യാബിൻ ticket കൊടുത്തിട്ട് ഞാൻ ബൈ പറഞ്ഞു... ഒരു മുന്നറിയിപ്പും... ആ ബെഡ്ഡിൽ കിടക്കുമ്പോൾ ഒരു സുന്ദരി പെണ്കൊച്ച് വരും... അവളുടെ നമ്പർ വാങ്ങി എനിക് അയക്കണം..

Kyaa...?
ഒന്നുമില്ല ji... ജയ് ജവാൻ ജയ് കിസാൻ... ഞാൻ പോകുന്നു... ഒക്കെ സ്വയം അനുഭവിക്കുക... അത്ര തന്നെ...

കപ്പലിൽ നിന്ന് ഇറങ്ങുമ്പോൾ മറ്റു യാത്രക്കാർ വാ പൊളിച്ച് നോക്കുന്നു... ഇതേതാ ഈ വൈകി പോകുന്ന വസന്തം എന്ന രൂപത്തിൽ...
ഒരു ഓട്ടോ പിടിച്ച് ജെട്ടിയിൽ നിന്ന് പോകുമ്പോൾ തീരത്തെ പൂവരശ് മരത്തിൻ്റെ താഴെ, ഫറത്തിൽ ഒരു യുവാവും ഒരു യുവതിയും കിടക്കുന്നു...
സായന്തനത്തിലെ കടൽക്കാറ്റ് ആസ്വദിച്ച് കിടക്കുന്ന യുവമിഥുനങ്ങൾ... അവർ ഉല്ലസിക്കുന്നു.. ദ്വീപിലെ സാധാരണ കാഴ്ച്ച... ഞാനും ഇതേപോലെ ഇരിക്കാൻ ശ്രമിക്കാറുണ്ട്... അതിനായി സ്കൂളിൽ നിന്ന് രാജിവെക്കണം... കഞ്ഞികുടി ആണ് പ്രശ്നം... പെട്ടെന്ന് ഓട്ടോയിൽ പോകുന്ന എന്നെ തലവെട്ടിച്ച് അവള് നോക്കി...

അയ്യോ...!!! ഇതവളാ... ദേവത...

വണ്ടിക്കാരാ വേഗം വിട്ടോ... പിശാച്...

ഓട്ടോ നൂറേനൂറിൽ ഓടി... അവള് പിറകെ വരുന്നുണ്ടോ എന്ന് ഞാൻ ഇടയ്ക്ക് നോക്കുന്നുണ്ട്... നല്ല ദാമ്പത്യത്തിന് പരസ്ത്രീബന്ധം പാടില്ല എന്ന കാറൽ മാർക്സിൻ്റെ വരികൾ ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്... വീടിൻ്റെ മുറ്റത്ത് എൻ്റെ വീട്ടിലെ ദേവത ഒരു ചൂലും കൊണ്ട് നിൽക്കുന്നുണ്ട്... (മുറ്റമടിച്ച് നിൽക്കുവാണെ... തെറ്റിദ്ധരിക്കരുത്...)

Ascension

 The concept of a "vertical journey" or *Urooj* (*Miraj*) in Sufi thought refers to a mystical ascent, both metaphorical and liter...