Sunday, 14 June 2015

പാരമ്പര്യവും പൈതൃകവും കെടാതെ കാക്കുന്ന ലക്ഷദ്വീപെന്ന അത്ഭുതലോകത്തിലൂടെ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും  മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള നടത്തിയ യാത്ര.....


 ലക്ഷദ്വീപിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. അതാണ് വാസ്തവം. തൊട്ടടുത്തു കിടക്കുന്ന അയല്‍പക്കങ്ങളെ മലയാളികള്‍ സ്വപ്നാടനം പോലെയാണ് കാണുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഒരു വിളിപ്പാടകലെ എത്തിയാല്‍ തമിഴ്‌നാടും തുളുനാടുമായി. പാലക്കാടു നിന്ന് നാല്‍പ്പതു കിലോമീറ്റര്‍ കഴിഞ്ഞാല്‍ തമിഴ്‌നാടായി. പക്ഷെ കന്നഡിഗരെക്കുറിച്ചും തമിഴരെക്കുറിച്ചും ഇത്ര അടുത്തായിട്ടും നമുക്ക് ഒന്നുമറിയില്ല. ഭാഷ, സംസ്‌കാരം, സാഹിത്യം, കല ഇതൊക്കെ നമ്മളേക്കാള്‍ എത്രയോ സര്‍ഗാത്മകമായാണ് തമിഴരും കന്നഡിഗരും കൈകാര്യം ചെയ്യുന്നത്. മലയാളികളുടെ വിചാരം തങ്ങള്‍ വിശ്വപൗരന്‍മാര്‍ എന്നാണ്.

അറബിക്കടലിന്റെ തീരത്തെ മാറോട് അണച്ചുപിടിച്ചു കിടക്കുന്ന കിളിരം കൂടിയ ഒരു സുന്ദരിയാണ് കേരളം. കാസര്‍കോട്് മുതല്‍ കോവളം വരെ കടലിലെ ഓളങ്ങളും തിരകളും നാടിനെ മൊത്തം സദാ തഴുകിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തില്‍ തന്നെ കടല്‍ കാണാത്ത എത്രയോ ആളുകളുണ്ട്. അട്ടപ്പാടിയില്‍ പോയപ്പോള്‍ അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത് കടല്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ്. വയനാട്ടിലും ഇടുക്കിയിലുമുണ്ട് കടല്‍ കാണാത്തവര്‍. കടല്‍കാറ്റില്‍ ഏതു നേരവും ഉപ്പുരസമുണ്ട്. കടല്‍ക്കാറ്റ് അല്‍പ്പനേരം കൊള്ളാമെങ്കില്‍ ചുണ്ടൊന്ന് നാവുകൊണ്ട് നനച്ചാല്‍, ഉപ്പുരസം ആസ്വദിക്കാം. അതുകൊണ്ടാണ് മലയാളികള്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്നു പറയുന്നത്. 

കോഴിക്കോടിനും കൊച്ചിക്കും ഏകദേശം മധ്യത്തില്‍ 280 കിലോമീറ്റര്‍ ദൂരത്തായി ലക്ഷദ്വീപുകള്‍ പരന്നുകിടക്കുന്നു. ഇത്ര അടുത്തായിട്ടും മലയാളികള്‍ അങ്ങോട്ടുപോകാന്‍ താല്‍പര്യം കാണിക്കുന്നില്ല. മാലിദ്വീപിലേക്കാണെങ്ങില്‍ ഒരു മുടക്കവുമില്ലാതെ പോകുന്നു. ചുഴിഞ്ഞു നോക്കിയാല്‍ ഇതിന്റെ കാരണം കണ്ടുപിടിക്കാം. പണ്ട് പണ്ട്, വളരെ പണ്ട്, ചരിത്രത്തിനും അപ്പുറത്ത് അനന്തമായ അറബിക്കടലില്‍ കൂടി ഒരു സൂഫിവര്യന്‍ പായക്കപ്പലില്‍ സഞ്ചരിക്കുകയായുരുന്നു. വിഭ്രമകരമായ കടലിന്റെ നീലനിറത്തില്‍ ആമഗ്‌നനായ സൂഫിവര്യന്‍ കയ്യിലിരുന്ന ജപമാല പൊട്ടിയത് (ദസ് വിയ) അറിഞ്ഞില്ല. മാല പൊട്ടിയിട്ടും ജപം തുടര്‍ന്നു കൊണ്ടേയിരുന്നു. ദൈവത്തിന്റെ പര്യായപദങ്ങള്‍ പുരണ്ട ജപമാലയിലെ ആ മണികളാണ് പരിണാമത്തിന്റെ സായാഹ്നത്തില്‍ ലക്ഷദ്വീപുകളായി ഉയര്‍ന്നു വന്നത്.

ബംഗാരം, കടമത്ത്. കവരത്തി, അഗത്തി, മിനിക്കോയ്, കല്‍പ്പേനി, ആന്ത്രോത്ത് തുടങ്ങി പതിനേഴില്‍പരം ചെറുതും വലുതുമായ ദ്വീപുകള്‍ ലക്ഷദ്വീപ് സമൂഹത്തില്‍ കുടികൊള്ളുന്നു. ഇതില്‍ ജനവാസം ഒട്ടുമില്ലാത്ത ദ്വീപുകളുമുണ്ട്. പക്ഷികള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ജഗദീശ്വരന്റെ മായാവിലാസങ്ങള്‍.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1983 ലാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോയത്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ ദേശീയോദ്ഗ്രഥന സെമിനാറില്‍ പങ്കെടുക്കാന്‍. ഒപ്പം ലക്ഷദ്വീപ് സാഹിത്യകലാ അക്കാദമിയുടെ ഉദ്ഘാടനവും. ഉത്തരേന്ത്യയില്‍ നിന്നുള്ള കുറേ എം.പി മാര്‍, കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഏകദേശം മുപ്പതോളം പേര്‍. കേരളത്തില്‍ നിന്ന് എന്‍.വി. കൃഷ്ണവാരിയര്‍, ഭാര്യ, മകള്‍, മകളുടെ കുട്ടി (സകുടുംബം പോകാന്‍ അനുവദിച്ചിരുന്നു എന്ന കാര്യം യശശ്ശരീരനായ, മഹാനായ പത്രാധിപര്‍ എന്‍.വി മറന്നുകാണും), വെള്ളായണി അര്‍ജുനന്‍, പത്‌നി, പാലാ കെ.എം. മാത്യു. പുത്രന്‍, സഹായി, പവനന്‍ തുടങ്ങിവരായിരുന്നു സംഘാംഗങ്ങള്‍. പവനന്‍ സകുടുംബ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ അദ്ദേഹം കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ പെട്ടുപോയതായിരിക്കാം. ഫോണ്‍ വഴിയായിരുന്നു തീരുമാനങ്ങളത്രയും.

പാര്‍വ്വതി ചേച്ചി എവിടെയെന്ന് ചോദിച്ചപ്പോള്‍ പവനന്‍ എന്നോട് ചൂടായി. നിനക്കെങ്കിലും എന്നോട് ഒന്നു പറയാമായിരുന്നില്ലെടോ എന്നു എന്നോട് തട്ടിക്കയറുകയും ചെയ്തു. എന്നോട് അത്രയും സ്‌നേഹവും വാത്സല്യവുമായിരുന്നു. ഇന്നു കാണുന്ന കേരള സാഹിത്യ അക്കാദമിയുടെ ആത്മാവാണ് പവനന്‍. എന്തൊരു ഉന്‍മേഷം, എന്തൊരു ഉണര്‍വ്വ്, എന്തൊരു ആത്മ വിശ്വാസം.

കൊച്ചിയില്‍ നിന്ന് ഭാരത് സീമ എന്ന കപ്പലിലായിരുന്നു യാത്ര. വൈകുന്നേരം നാല് മണിക്കു ഞങ്ങള്‍ കപ്പലില്‍ കയറി. എന്റെ ആദ്യത്തെ കപ്പല്‍ യാത്രയായിരുന്നു. കപ്പല്‍ ഒരു വീട് പോലെ തോന്നി. മാളികവീട്. ഏണിപ്പടികള്‍ കയറി മുകളിലേക്ക് പോകാം. ഏണിപ്പടിയിറങ്ങി താഴത്തെ നിലയിലേക്കും പോകാം. മൂന്നാം തട്ട് കഴിഞ്ഞ് നാലാം തട്ടിലെ ഡെക്കിലേക്ക് പോകാം. ഇടനാഴിയും ഹാളും, ഡൈനിങ്ഹാളും കിച്ചനും എല്ലാമുണ്ട്. ഇടനാഴികള്‍ക്കിരുപുറവും മുറികള്‍, മുറികളില്‍ ഡബിള്‍ ഡക്കായി രണ്ടു കട്ടിലുകള്‍. തീവണ്ടിയിലെ ടൂ ടയര്‍ പോലെ. നാലു പേര്‍ക്ക് കിടന്നുറങ്ങാം. മേലേ കയറാന്‍ സ്റ്റീലിന്റെ കൊച്ചു കോണി. ഹാ, എന്തൊരു സുഖം. എല്ലാ ഫ്ലോറുകളും നല്ല വൃത്തിയുണ്ട്. കപ്പല്‍ ജോലിക്കാര്‍ നേരത്തെ തന്നെ കഴുകിത്തുടച്ചു വൃത്തിയാക്കി വെച്ചിരിക്കുന്നു.

No comments:

Post a Comment

Ascension

 The concept of a "vertical journey" or *Urooj* (*Miraj*) in Sufi thought refers to a mystical ascent, both metaphorical and liter...