Wednesday, 24 September 2014

Wednesday, 10 September 2014

ലക്ഷദ്വീപിലെ ജൈവോൽപ്പന്നങ്ങൾ



ഇന്ത്യയുടെ തെക്കുപടിഞ്ഞാറ്‌ കേരളത്തിനടുത്ത്‌ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹമാണ്‌ ലക്ഷദ്വീപ്‌. പ്രകൃതി രമണീയമായ ഈ പറുദീസയിലേയ്ക്ക്‌ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ പോകുവാൻ കഴിയു. പരിചയമുള്ള ദ്വീപ്‌ നിവാസികൾ ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ പെർമിറ്റ്‌ വളരെ എളുപ്പത്തിൽ ലഭ്യമാകും.
കൊച്ചിയിൽ നിന്ന്‌ വിമാനത്തിൽ ഒരു മണിക്കൂർ കൊണ്ട്‌ ദ്വീപിൽ എത്തുവാൻ കഴിയും. എന്നാൽ കടൽമാർഗ്ഗം ഒരു രാത്രി തന്നെ വേണ്ടിവരും. എയർ ഇന്ത്യയുടെ ചെറു വിമാനം മാത്രമേ ദ്വീപിലേക്ക്‌ സർവ്വീസ്‌ നടത്തുന്നുള്ളൂ.
കവരത്തി, അഗത്തി, ആൻഡ്രോത്ത്‌, കടമത്ത്‌, അമിനി, ചെറ്റ്ലാത്ത്‌, ബിത്ര, കിൽത്താൻ, കൽപ്പേനി, മിനിക്കോയി എന്നിങ്ങനെ മനുഷ്യവാസമുള്ള പത്തോളം ദ്വീപുകളാണ്‌ ലക്ഷദ്വീപിലുള്ളത്‌. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ആസ്ഥാനം കവരത്തി ദ്വീപാണ്‌.
ലക്ഷദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, കൃഷിയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല എന്നതാണ്‌. രാസവള-കീടനാശിനികളുടെ ഇറക്കുമതിയും ഉപയോഗവും മുഴുവൻ ദ്വീപുകളിലും നിരോധിക്കുക വഴി ഭരണകൂടം ഇവിടുത്തെ ജനങ്ങളുടേയും മണ്ണിന്റേയും ആരോഗ്യം സംരക്ഷിച്ച്‌ പരിസ്ഥിതിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിരിക്കുന്നു.
വൻകരയിലെ മണ്ണും ലക്ഷദ്വീപിലെ മണ്ണും തമ്മിൽ ഘടനയിലും സ്വഭാവത്തിലും അന്തരമുണ്ട്‌. പവിഴപ്പുറ്റുകളും കക്കകളും പൊടിഞ്ഞാണ്‌ ഇവിടെ മണ്ണ്‌ ഉണ്ടായിരിക്കുന്നത്‌.
ദ്വീപിനെ തെങ്ങിൻകാട്‌ എന്ന്‌ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. തഴച്ച്‌ വളരുകയും സമൃദ്ധിയായി കായ്ഫലം തരുകയും ചെയ്യുന്നവയാണ്‌ ഇവിടുത്തെ തെങ്ങുകൾ. മറ്റു മരങ്ങൾ വളരെക്കുറച്ചു മാത്രമെയുള്ളു. അവിടവിടെയായി ശീമ പ്ലാവും പൂവരിശും വളരുന്നുണ്ട്‌.
ഇവിടെ, തെങ്ങുനടുമ്പോൾ മാത്രമാണ്‌ വളപ്രയോഗം. പ്രധാനമായും കമ്പോസ്റ്റ്‌, ആട്ടിൻകാഷ്ഠം, ചാണകം എന്നിവയാണ്‌ ചേർക്കുന്നത്‌. പിന്നീട്‌ പ്രത്യേകിച്ച്‌ വളങ്ങളൊന്നും ചെയ്യാറില്ല. രണ്ടര വർഷം പ്രായമായതിനു ശേഷമേ തെങ്ങിൻ തൈ മാറ്റിനടാറുള്ളു. തെങ്ങു പിടിച്ചു കഴിഞ്ഞാൽ പ്രത്യേക പരിചരണവും ഇല്ല.
പല ജാനസ്സുകളിലുള്ള തെങ്ങുകൾ ഇവിടെയുണ്ട്‌. അവയിൽ ലക്ഷദ്വീപ്‌ മൈക്രോ എന്നയിനമാണ്‌ എണ്ണയുടെ കാര്യത്തിൽ മുമ്പിൽ. വൻകരയിലെ തേങ്ങയിൽ നിന്ന്‌ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വെളിച്ചെണ്ണ ദ്വീപിലെ തേങ്ങയിൽ നിന്ന്‌ ലഭിക്കുന്നു.
ദ്വീപ്‌ നിവാസികൾ മക്കൾക്ക്‌ പിതൃസ്വത്ത്‌ നൽകുമ്പോൾ സ്ഥലം തുള്ള്യമാണെങ്കിലും, ഒരു മകന്‌ തെങ്ങിന്റെ എണ്ണം കുറഞ്ഞുപോയാൽ രണ്ടാമത്തെ മകന്റെ സ്ഥലത്തുള്ള തെങ്ങ്‌ നിശ്ചയിച്ചു കൊടുക്കും. ഒരാളുടെ തെങ്ങ്‌ വേറൊരാളുടെ പുരയിടത്തിൽ! മറ്റൊരിടത്തും കാണില്ല ഈ പ്രതിഭാസം. സ്വന്തം തെങ്ങിനെ തിരിച്ചറിയുന്നതിന്‌ അവയിൽ പേരോ മറ്റു അടയാളങ്ങളോ നൽകിയിരിക്കും. തേങ്ങ തെങ്ങിൻ ചുവട്ടിൽ കൂട്ടി വയ്ക്കും. തേങ്ങ ആരും മോഷ്ടിക്കുമെന്ന പേടി വേണ്ട. ആവശ്യമുള്ള തേങ്ങ വീട്ടുപയോഗത്തിന്‌ എടുത്ത ശേഷം ബാക്കി ഉണക്കി കൊപ്രയാക്കുകയാണ്‌ ദ്വീപിലെ പതിവ്‌. ഇത്‌ പിന്നീട്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റിക്ക്‌ വിൽക്കും.
തെങ്ങ്‌ കൃഷി കഴിഞ്ഞാൽ ഇവിടെയുള്ള ജനങ്ങളുടെ പ്രധാന ജീവനോപാധിയാണ്‌ മത്സ്യബന്ധനം. ചൂരയാണ്‌ പ്രധാന മത്സ്യം. ഒരു വള്ളത്തിൽ അഞ്ചോ ആറോ പേരുണ്ടാവും. ചൂണ്ട ഉപയോഗിച്ചാണ്‌ മീൻ പിടിക്കുന്നത്‌.

അഗത്തി ദ്വീപിൽ തെങ്ങ്‌, പൂവരിശ്‌, ശീമപ്ലാവ്‌ എന്നിവയൊഴിച്ച്‌ മറ്റു ചെടികൾ അപൂർവ്വമാണ്‌. എന്നാൽ കവരത്തി ദ്വീപ്‌ ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമാണ്‌. ഇവിടെ മറ്റു ദ്വീപുകളെ അപേക്ഷിച്ച്‌ ജനവാസവും വളരെ കൂടുതലാണ്‌. ആൻഡ്രോത്ത്‌ ദ്വീപിൽ പുരയിടത്തിന്റെ അതിരുകളിൽ തെങ്ങു വയ്ക്കുക എന്ന പ്രത്യേകത ഉണ്ട്‌. നാല്‌ അതിരുകൾ കൂടിച്ചേരുന്ന സ്ഥലത്ത്‌ നാലുതെങ്ങ്‌ ഒരുമിച്ചു നിൽക്കും. ഇവിടെ കൃഷി വകുപ്പിന്‌ വളരെ വിപുലമായ ഒരു ഫാം ഉണ്ട്‌. പലയിനം പച്ചക്കറികളും വാഴയും ഇവിടെ ജൈവരീതിയിൽ കൃഷി ചെയ്യുന്നു. ചാണകത്തിന്റെ ദൗർലഭ്യമുണ്ടെങ്കിലും വളരെ നല്ല രീതിയിലുള്ള പരിചരണം മൂലം നല്ല വിളവാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഈ ഫാമിൽ മറ്റുള്ള ദ്വീപുകളിൽ ഉള്ളതുപോലെ തന്നെ നീര ഉത്പാദിപ്പിച്ച്‌ അത്‌ (പ്രാദേശികമായി ഇതിനെ മീര എന്നാണ്‌ ലക്ഷദ്വീപുകാർ വിളിക്കുന്നത്‌.) ഉപയോഗിച്ച്‌ ശർക്കര, വിനാഗിരി എന്നിവ ഉത്പാദിപ്പിക്കുന്നു. നീരയ്ക്ക്‌ അതി മധുരമാണ്‌. കേരളത്തിലെ നീര ടെക്നീഷ്യന്മാർ നീര ചെത്തുമ്പോൾ ചെളി തേയ്ക്കുന്നു. ലക്ഷദ്വീപിൽ ചെളി ഉപയോഗിക്കുന്നില്ല. പൂങ്കുലയിൽ തട്ടുന്നതിനും കണക്കുണ്ട്‌. ഇതിനായി അസ്ഥിക്കഷണവും ഉപയോഗിക്കാറില്ല. ചെത്തുകത്തിയുടെ പിടി ഉപയോഗിച്ചാണ്‌ തട്ടും മുട്ടും. ഇങ്ങനെ തട്ടുന്നതിന്റെ കണക്ക്‌ മുകളിലുള്ള മടലിൽ എഴുതിവയ്ക്കും. അടുത്ത ദിവസം ചെത്തുവാൻ വരുമ്പോൾ ഈ കണക്ക്‌ അനുസരിച്ച്‌ മാത്രമേ തട്ടാറുള്ളൂ. മഞ്ഞപ്പിത്തമുള്ളവർ ദിവസം രണ്ടുനേരം മീര കുടിയ്ക്കുകയാണെങ്കിൽ അതിവേഗം രോഗശമനമുണ്ടാകുന്നു. ഇത്‌ ദ്വീപിലെ ചികിത്സാരീതിയാണ്‌.
നീരയിൽ നിന്ന്‌ ദ്വീപു നിവാസികൾ നിർമ്മിക്കുന്ന ചക്കരയും മധുരമേറിയതാണ്‌. ശർക്കരയുടെ പുളി മാറ്റാൻ, കടലിൽ നിന്നുകിട്ടുന്ന ഒരു പ്രത്യേകതരം കല്ല്‌ ഇട്ടുവെയ്ക്കും. അതിന്‌ കണക്കുണ്ട്‌. പുളിയെല്ലാം കല്ല്‌ വലിച്ചെടുക്കുന്നു. നിശ്ചിത ദിവസം കഴിഞ്ഞാൽ ഇവ കളയും.
ശുദ്ധജല ദൗർലഭ്യം മൂലം ആൾതാമസമില്ലാത്ത, നിറയെ തെങ്ങുകളുള്ള മറ്റനേകം ചെറുദ്വീപുകളും ദ്വീപസമൂഹത്തിലുണ്ട്‌. പ്രധാന ദ്വീപുകളിലുള്ളവർക്ക്‌ ഈ ചെറുദ്വീപുകളിലും സ്ഥലങ്ങൾ ഉണ്ട്‌.
മിനിക്കോയി ദ്വീപിൽ കണ്ടൽച്ചെടികൾ ധാരാളമുണ്ട്‌. മാലിദ്വീപിൽ നിന്നും വെറും 60 കിലോമീറ്റർ മാത്രം അകലെയുള്ള ഈ ദ്വീപിലെ കാലാവസ്ഥയും ജനങ്ങളുടെ പ്രകൃതവും വളരെ വ്യത്യസ്തമാണ്‌. ഇവിടെ ജനങ്ങൾ ഒരുമിച്ച്‌ പ്രത്യേക ഗ്രാമങ്ങളിലാണ്‌ പാർക്കുന്നത്‌. പത്തു ഗ്രാമം, പത്തു മൂപ്പൻമാർ അവർ പറയുന്നതാണ്‌ ഗ്രാമത്തിൽ നടപ്പാക്കുക. കൃഷിയിടങ്ങൾ ഗ്രാമത്തിൽ നിന്ന്‌ മാറിയാണ്‌ സ്ഥിതി ചെയ്യുന്നത്‌. തെങ്ങും കണ്ടൽച്ചെടികളും മറ്റനേകം കാട്ടുചെടികളുമുള്ള ഇവിടെ, ആളുകൾ തേങ്ങയിടാൻ വേണ്ടി മാത്രമേ സ്വന്തം കൃഷിയിടത്തിലേക്ക്‌ പോകാറുള്ളു. ഈ ദ്വീപിൽ സ്പൈക്കിറ്റ എന്ന പ്രത്യേകയിനം തെങ്ങുകൾ കാണപ്പെടുന്നു. ഇതിന്‌ കൂമ്പും പൂങ്കുലയുമില്ല. കോഞ്ഞാട്ടയിൽ വെള്ളയ്ക്കമാത്രം. മിനിക്കോയ്‌ ദ്വീപിൽ കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഫാം സ്ഥിതി ചെയ്യുന്നു. ഈ ഫാമിൽ നിന്നും തേങ്ങയും മറ്റു കാർഷിക ഉൽപന്നങ്ങളും ആദായ വിലയ്ക്ക്‌ ദ്വീപ്‌ നിവാസികൾക്ക്‌ വിതരണം ചെയ്യുന്നു.
കൃഷി ഡിപ്പാർട്ട്‌മന്റിന്റെ കീഴിൽ ദ്വീപസമൂഹത്തിലെ കവരത്തി, അഗത്തി, കൽപേനി, മിനിക്കോയ്‌, ആൻഡ്രോത്ത്‌ കിൽത്താൻ, ചെറ്റ്ലാത്ത്‌, അമിനി, കടമത്ത്‌ എന്നീ ദ്വീപുകളിലായി ഒൻപത്‌ കർഷക ഗ്രൂപ്പുകൾ ജൈവ പരിവർത്തന കാലയളവായ മൂന്നുവർഷം പിന്നിട്ട്‌ പൂർണ്ണമായും ജൈവ ഉൽപന്നം എന്ന സർട്ടിഫിക്കറ്റ്‌ 2014 മെയ്‌ മാസത്തോടെ നേടും. തേങ്ങ, കൊപ്ര എന്നിവയാണ്‌ ഇൻഡോസർട്ട്‌ ജൈവ സാക്ഷ്യപത്രത്തിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ. ഇൻഡ്യൻ, അമേരിക്കൻ മാനദണ്ഡങ്ങൾ പ്രകാരമുള്ള ജൈവ സാക്ഷ്യപത്രമാണ്‌ ഈ ഗ്രൂപ്പുകൾക്കു ലഭ്യമാകുന്നത്‌.
ഒൻപത്‌ ദ്വീപുകളിലായി മൊത്തം 3844 കർഷകരും അവരുടെ 895.906 ഹെക്ടർ (2213 ഏക്കർ) ഭൂമിയുമാണ്‌ ജൈവ സാക്ഷ്യപത്രത്തിൽ കീഴിൽ വരുന്നത്‌. ഇതോടെ ഏകദേശം 7053 മെട്രിക്ടൺ തേങ്ങയും അവയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന കൊപ്രയും ജൈവ സാക്ഷ്യപത്രത്തോടെ വിപണിയിൽ ലഭ്യമാകും. ഇൻഡ്യൻ, അമേരിക്കൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഈ ഉൽപന്നങ്ങൾ കയറ്റുമതി വിപണിയിൽ വൻ മുന്നേറ്റമാണ്‌ ഉണ്ടാക്കുവാൻ പോകുന്നത്‌.

കൽപ്പേനി, അമിനി, കടമത്ത്‌, അഗത്തി എന്നീ ദ്വീപുകളിൽ ഇപ്പോൾ ലക്ഷദ്വീപ്‌ ഡവലപ്പ്‌മന്റ്‌ കോർപ്പറേഷന്റെ തേങ്ങ സംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവിടെ ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ പൗഡർ, വിർജിൻ കോക്കനട്ട്‌ ഓയിൽ, വെളിച്ചെണ്ണ എന്നിവ ഉത്പാദിപ്പിക്കുന്നു. ജൈവ സാക്ഷ്യപത്രമുള്ള തേങ്ങയുടെ ലഭ്യത കണക്കിലെടുത്തുകൊണ്ട്‌ ഘട്ടം ഘട്ടമായി ഈ യൂണിറ്റുകൾ ജൈവ സാക്ഷ്യപത്രം നേടുന്നതിനെകുറിച്ച്‌ ആലോചിച്ചു വരുന്നു. ആദ്യഘട്ടമായി കൽപേനിയിലെ യൂണിറ്റ്‌ ജൈവസാക്ഷ്യപത്രം എടുക്കുവാൻ തയ്യാറെടുക്കുന്നു. ഇതോടെ കേരളത്തിലേയ്ക്ക്‌ കൊണ്ടുവന്ന്‌ സംസ്കരിച്ച്‌ കയറ്റുമതി ചെയ്യുന്നതിനേക്കാൾ ചെലവു കുറച്ച്‌ ജൈവോൽപ്പന്നങ്ങൾ ദ്വീപിൽ നിന്ന്‌ തന്നെ കയറ്റുമതി ചെയ്യുവാൻ സാധിക്കും.
ലക്ഷദ്വീപ്‌ ഡവലപ്പ്‌മന്റ്‌ കോർപ്പറേഷൻ കൂടാതെ സർക്കാർ സഹകരണത്തോടെ ദ്വീപുകളിലെ ജനങ്ങളുടെ ഒരു കൂട്ടായ്മ, ദൈബ്‌ എന്റർപ്രൈസസ്‌ എന്ന പേരിൽ സംസ്ക്കരണ ശാലകൾ തുടങ്ങുന്നുണ്ട്‌.
ലക്ഷദ്വീപിലെ ജൈവ സാക്ഷ്യപത്രമുള്ള തേങ്ങയ്ക്ക്‌ കേരളത്തിലും വൻ വിപണന സാധ്യതയാണുള്ളത്‌. കേരളത്തിലേക്ക്‌ ഉരുവിൽ കയറ്റിവിടുന്ന തേങ്ങ കയറ്റിറക്ക്‌ കൂലിയും കഴിഞ്ഞ്‌ കേരളത്തിലെ വിലയ്ക്കു വിൽക്കുന്നത്‌ ദ്വീപിലെ ജനങ്ങൾക്ക്‌ ഇതുവരെ ഒരു നഷ്ടക്കച്ചവടമായിരുന്നു. ജൈവ സാക്ഷ്യപത്രം ലഭ്യമായി കഴിഞ്ഞാൽ തേങ്ങയ്ക്കും മറ്റ്‌ ഉൽപ്പന്നങ്ങൾക്കും മുന്തിയ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ദ്വീപ്‌ നിവാസികൾ.

Thursday, 13 February 2014

Ascension

 The concept of a "vertical journey" or *Urooj* (*Miraj*) in Sufi thought refers to a mystical ascent, both metaphorical and liter...